വാര്‍ത്തകള്‍

തളിപ്പറമ്പ നോര്ത്ത് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം ചപ്പാരപ്പടവു ഹയര് സെക്കണ്ടറി സ്കൂളിൽ 22.7.2015 ബുധനാഴ്ച പ്രശസ്ത കലാകാരന ശ്രീ. മുഹമ്മദ്‌ പേരാമ്പ്ര നിർവ്വഹിക്കും.... വിശ്വസ്ത നായ ബില്ലു...എം.ടി.മധുസൂദനന്‍, തൃച്ചംബരം - എഴുതുന്നു...കെ.എസ് ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല ഓഫീസ് "അധ്യാപക ഭവൻ" 29.6.2014. ഞായറാഴ്ച 11 മണിക്ക് സ : പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

science



പരീക്ഷണം നല്‍കുമ്പോള്‍
എം.ടി.മധുസൂദനന്‍, തൃച്ചംബരം
( 2008 ഡിസംബര്‍ ലക്കം അധ്യാപകലോകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വികസിത രൂപം )

കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ ക്ലാസ്റൂം പരീക്ഷണങ്ങള്‍ക്കുള്ള പങ്ക് എന്താണെന്നുള്ള കാര്യം പറയാതെതന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ? കുട്ടികള്‍ക്ക് അധ്യാപകന്റെ സഹായത്തോടെയോ സാന്നിദ്ധ്യത്തിലോ അല്ലാതെയോ ചെയ്യാനായി ധാരാളം പരീക്ഷണങ്ങളുണ്ട്. എന്നാല്‍ അര്‍പ്പണബോധത്തോടെ അധ്യാപനം നടത്തുന്നവര്‍ക്കുപോലും സമയപരിമിതി മൂലം രസകരങ്ങളായ പല പരീക്ഷണങ്ങളും ക്ലാസില്‍ അവതരിപ്പിക്കാനോ ഒന്നു സൂചിപ്പിക്കാന്‍ പോലുമോ പലപ്പോഴും സാധിക്കാറില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിരീക്ഷണത്തിനുകൂടി പ്രാധാന്യം നല്‍കിക്കൊണ്ട് ശ്രദ്ധയോടെ നടത്തുന്ന പരീക്ഷണങ്ങള്‍ കുട്ടികളില്‍ അല്പനേരത്തേക്ക് കൌതുകം ജനിപ്പിക്കുക മാത്രമല്ല അവരിലെ അന്വേഷണതല്പരതയെ ഉണര്‍ത്താനും അതുവഴി ശാസ്ത്രബോധം ഉയര്‍ന്നതലങ്ങളില്‍ എത്തിക്കാനും സാധിക്കും; നിസ്സാരങ്ങളായ പരീക്ഷണങ്ങള്‍കൊണ്ടു പോലും. പാഠഭാഗവുമായി ബന്ധപ്പെട്ട ശേഷികളില്‍ ശ്രദ്ധ നല്‍കുന്നതോടൊപ്പം കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കു കൂടി അവസരമൊരുക്കുമ്പോഴല്ലേ ക്ലാസ്റൂം പരീക്ഷണങ്ങളുടെ പരമാവധി സാധ്യത കുട്ടികള്‍ക്കായി പ്രയോജനപ്പെടുത്താനാകൂ. ഉയര്‍ന്നതലത്തില്‍ പറക്കേണ്ട ചിലര്‍ക്ക് ഉയര്‍ന്നുപൊങ്ങാനുള്ള ബലം നല്‍കുന്നത് പലപ്പോഴും നിരീക്ഷണങ്ങളാണല്ലോ? ഒരു ഉദാഹരണം കൊണ്ട് നമുക്കിതൊന്നു പരിശോധിച്ചുനോക്കിയാലോ? വെറുമൊരു ലഘുപരീക്ഷണത്തെ ഈ രീതിയില്‍ വികസിപ്പിക്കുന്നതിലെ അപാകം കണ്ടെത്തി മെച്ചപ്പെടുത്തി ഉപയോഗിക്കുകയെങ്കിലുമാകാമല്ലോ?

'വായുവിന് സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമാണ് ' എന്ന ആശയം കുട്ടികളിലെത്തിക്കാന്‍ ടംബ്ലറും ടവലും ഉപയോഗിച്ചുള്ള പരീക്ഷണം ചെയ്യാറുണ്ടല്ലോ? വായുവിന്റെ ഈ പ്രത്യേകതയെക്കുറിച്ച് സ്കൂളുകളില്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കാനുമില്ല. ഈ സന്ദര്‍ഭത്തില്‍ താഴെ കാണുംവിധം ഒരു പ്രശ്നം നല്‍കിയാലോ?
മുങ്ങാതെ ആഴങ്ങളിലെത്താമോ?

ആവശ്യമായ സാമഗ്രികള്‍:
വലിയ ഗ്ലാസ് ജാര്‍/ട്രഫ്, ഗ്ലാസ് ടംബ്ലര്‍, ബോട്ടിലിന്റെ ചെറിയ അടപ്പ് (മിനറല്‍ വാട്ടര്‍ ബോട്ടിലിന്റെയോ സാധാരണ ബോട്ടിലിന്റെയോ ചെറിയ മൂടി മതി), ജലം.
മെച്ചപ്പെടുത്തുന്നതിനാവശ്യമായ സാമഗ്രികള്‍:
ഒന്നോരണ്ടോ തുള്ളി മഷി അല്ലെങ്കില്‍ ജലത്തിനു നിറം നല്‍കാന്‍ പറ്റിയ എന്തെങ്കിലും പദാര്‍ത്ഥം, കടലാസില്‍ വെട്ടിയെടുത്ത മനുഷ്യ രൂപം (3 4ഓ സെന്റിമീറ്റര്‍ നീളം മതി), അടപ്പോടുകൂടിയ രണ്ട് മിനറല്‍ വാട്ടര്‍ ബോട്ടില്‍ ---- രണ്ടും ചുവട്ടില്‍ നിന്ന് 2 3 ഓ സെന്റിമീറ്റര്‍ ഉയരത്തില്‍ വച്ച് മുറിച്ചത്, (ഒരു ബോട്ടിലിന്റെ വശത്ത് മുറിച്ച ഭാഗത്തുനിന്നും 3 4ഓ സെന്റിമീറ്റര്‍ ഉയരത്തിലായി ദ്വാരമിടണം. മറ്റേതിന്റെ അടപ്പില്‍ വിരലുകൊണ്ടടച്ചുപിടിക്കാവുന്ന നന്നെ ചെറുതല്ലാത്ത ദ്വാരമിടണം.)
പ്രശ്നം നല്‍കേണ്ടവിധം:
ഗ്ലാസ് ജാറില്‍ ഏകദേശം പകുതി അളവില്‍ ജലം നിറയ്കുന്നു. ജലോപരിതലത്തില്‍ നടുവിലായി അടപ്പു വയ്ക്കുന്നു. ഗ്ലാസും നല്‍കുന്നു. അടപ്പ് മുങ്ങിപ്പോകാതെ എങ്ങനെ അതിനെ ജലത്തിന്റെ അടിത്തട്ടിലെത്തിക്കും?


(ചിത്രം 1)
പ്രശ്നം പരിഹരിക്കേണ്ടവിധം:
അടപ്പ് ഗ്ലാസിനകത്തുവരത്തക്കവിധം കമഴ്ത്തിപ്പിടിച്ച് അതിനെ ജലത്തിന്റെ അടിത്തട്ടിലേക്ക് താഴ്ത്തുന്നു.


(ചിത്രം 2)

അനുബന്ധ പ്രവര്‍ത്തനങ്ങള്‍:
  1. ട്രഫില്‍ ജലനിരപ്പ് അടയാളപ്പെടുത്തിയ ശേഷം പലവിധത്തില്‍ ഗ്ലാസ് താഴ്ത്തുന്നു. ജലനിരപ്പുയരുന്നതിലെ വ്യത്യാസം നിരീക്ഷിക്കട്ടെ ( ഗ്ലാസ് ചരിച്ചുവച്ചും ചെയ്യേണ്ടിവരുന്നതിനാല്‍ ജാറിനു പകരം ട്രഫ് ഉപയോഗിക്കുന്നതാണ് നല്ലത് . അടപ്പ് ഉപയോഗിക്കേണ്ട. ആദേശം ചെയ്യുന്ന ജലം, പൊങ്ങിക്കിടക്കുന്ന കപ്പല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ശരിയായി മനസ്സിലാക്കുന്നതിന് പിന്നീട് ഈ പരീക്ഷണം സഹായിക്കും.)
  2. ജാറിലൂടെ ഗ്ലാസിന്റെ അകവും അകത്തെ ജലോപരിതലവും അല്പംകൂടി വേര്‍തിരിച്ചു കാണാനായി ജലത്തില്‍ അല്പം നിറം കലര്‍ത്തിയ ശേഷം ഗ്ലാസ്, നടുഭാഗത്തു താഴ്ത്തുന്നതിനു പകരം ജാറിന്റെ വശത്തിനടുത്തു വരത്തക്കവിധം താഴ്ത്തി നിരീക്ഷിക്കട്ടെ (അടപ്പുപയോഗിച്ച്).
  3. ഗ്ലാസിനോടൊപ്പം അടപ്പും അടിത്തട്ടില്‍ സ്പര്‍ശിച്ചുവോ എന്ന് ഉറപ്പുവരുത്താനായി ഗ്ലാസ് അടിത്തട്ടില്‍ സ്പര്‍ശിച്ചുകഴിഞ്ഞാല്‍ വശങ്ങളിലേക്ക് നിരക്കിനോക്കുന്നു. ഗ്ലാസ് താഴ്ത്തുമ്പോള്‍ അടപ്പിനുണ്ടായിരുന്ന ചാഞ്ചാട്ടത്തിന് എന്തു സംഭവിക്കുന്നുവെന്ന് നിരീക്ഷിക്കട്ടെ; കാരണം കണ്ടെത്തട്ടെ.
  4. അടിഭാഗത്തിനടുത്തായി ദ്വാരമിട്ട ബോട്ടില്‍ (അടപ്പുള്ളത്) അടിഭാഗം താഴെ വരും വിധം ജലത്തില്‍ താഴ്ത്തുമ്പോഴുള്ള നിരപ്പുകള്‍ നിരീക്ഷിക്കട്ടെ. (4 മുതല്‍ 8 വരെയുള്ള പരീക്ഷണങ്ങള്‍ക്ക് ജലോപരിതലത്തില്‍ അടപ്പുവയ്കേണ്ടതില്ല )
  5. അടപ്പില്‍ ദ്വാരമിട്ട ബോട്ടില്‍ ജലത്തില്‍ താഴ്ത്തുമ്പോഴുള്ള നിരപ്പുകള്‍ നിരീക്ഷിക്കട്ടെ.
  6. അടപ്പിലെ ദ്വാരം വിരലുകൊണ്ട് അടച്ചുപിടിച്ച് ബോട്ടില്‍ ജലത്തില്‍ താഴ്ത്തിയശേഷം ദ്വാരത്തില്‍നിന്നും വിരല്‍ മാറ്റുന്നു. നിരപ്പുകള്‍ നിരീക്ഷിക്കട്ടെ.
  7. താഴ്ത്തുന്ന ബോട്ടിലിന്റെ അകത്തെയും പുറത്തെയും ജലനിരപ്പിലെ വ്യത്യാസം നിരീക്ഷിക്കട്ടെ. അകത്തെ ജലനിരപ്പ് പുറത്തെതിനേക്കാള്‍ കൂടുതല്‍ ഉയരുന്നുണ്ടോ എന്ന് പരിശോധിക്കട്ടെ; നിഗമനത്തിലെത്തട്ടെ.
  8. താഴ്ത്തുന്ന ബോട്ടിലിന്റെ അടപ്പ് അഴിച്ചുവച്ച് , ബോട്ടിലിന്റെ വായ്ഭാഗം കൈകൊണ്ടടച്ചുപിടിച്ച് അടിത്തട്ടില്‍ മുട്ടാത്തവിധം ജലത്തില്‍ താഴ്ത്തിയശേഷം വായ്ഭാഗത്തുനിന്നും കൈ മാറ്റുന്നു (ബോട്ടില്‍ അടക്കുകയും പിടിക്കുകയും ചെയ്യേണ്ടതിനാല്‍ ചിലപ്പോള്‍ രണ്ടു കൈയും ഉപയോഗിക്കേണ്ടിവരും). തൊട്ടുമുമ്പ് എത്തിച്ചേര്‍ന്ന നിഗമനം ഏതു നിമിഷവും ശരിയാകുന്നുണ്ടോ എന്ന് പരിശോധിക്കട്ടെ. പല ആഴങ്ങളില്‍വച്ച് ഈ പരീക്ഷണം ചെയ്തുനോക്കി വ്യതാസങ്ങള്‍ നിരീക്ഷിക്കാവുന്നതാണ്.
  9. കടലാസു പാവയെ അടപ്പില്‍വച്ച് മുങ്ങിപ്പോവാതെ അടിത്തട്ടുവരെ താഴ്ത്തിക്കൊണ്ട് ഈ പരീക്ഷണം ചെയ്യട്ടെ ; ഭാവന വിടരട്ടെ.
  10. പാവയ്ക്ക് ജീവനുണ്ടായിരുന്നുവെങ്കില്‍ അതിന് കുറേ നേരം അടിത്തട്ടിലിരുന്ന് രസിക്കാമോ? ... പ്രശ്നങ്ങള്‍ പിന്നീട് ചിന്തിക്കട്ടെ ... ഇതിനുത്തരം കണ്ടെത്താനായി ഒന്നിന്റെയും ജീവന്‍ നശിപ്പിക്കേണ്ടതില്ലല്ലോ?

ഈ പരീക്ഷണങ്ങളിലൂടെയെല്ലാം ഊര്‍ജം, ബലം, ചലനം എന്നിവയുമായി ബന്ധപ്പെട്ട് പിന്നീട് കണ്ടെത്താനായി ചിലര്‍ക്കെങ്കിലും എന്തെങ്കിലുമൊന്ന് കിട്ടാതിരിക്കില്ല. നാം പലപ്പോഴും വിട്ടുകളയുന്ന ഇത്തരം നിസ്സാരങ്ങളായ പരീക്ഷണനിരീക്ഷണങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ ഓരോരുത്തരുടേയും പ്രവൃത്തിയുടെ സൂക്ഷ്മത വര്‍ദ്ധിപ്പിക്കാതിരിക്കുമോ? ആവശ്യത്തിനനുസരിച്ച് ഉയര്‍ന്നുപൊങ്ങി വിഹഗവീക്ഷണം നടത്താനും ആഴ്ന്നിറങ്ങി സൂക്ഷ്മനിരീക്ഷണം നടത്താനും കെല്പുള്ളവരെക്കൂടി ഇത്തരം പരീക്ഷണങ്ങള്‍ കണക്കിലെടുക്കുന്നുണ്ടോ? ഈ പരീക്ഷണത്തില്‍ ഉപരിതലത്തെ ആഴങ്ങളിലെത്തിച്ചതുപോലെ ഇത്തരം ക്ലാസ്റൂം പരീക്ഷണങ്ങളിലൂടെ, എല്ലാ കുട്ടികളുടെയും 'ഉപരിതലത്തിലുള്ള' ചിന്തയെ ആഴങ്ങളിലെത്തിക്കാന്‍ സാധ്യമല്ലെങ്കിലും കുറഞ്ഞത് ആഴങ്ങളിലേക്ക് നോക്കാനോ ഭാവന തുറക്കാനോ ഉള്ള പാസ്വേഡ് (password) നല്‍കാനെങ്കിലും സാധിക്കുമല്ലോ? പ്രത്യേകിച്ച് പിന്നീട് വരാത്ത ആശയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ .
(അവസാനിച്ചു)

ലേഖനത്തെ വിമര്‍ശനാത്മകമായി സമീപിച്ച് കൂടുതല്‍ ശരിയായത് കണ്ടെത്തുന്നതിനായി അഭ്യര്‍ത്ഥിക്കുന്നു. ആദരവോടെ ...
എം.ടി.മധുസൂദനന്‍