വാര്‍ത്തകള്‍

തളിപ്പറമ്പ നോര്ത്ത് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം ചപ്പാരപ്പടവു ഹയര് സെക്കണ്ടറി സ്കൂളിൽ 22.7.2015 ബുധനാഴ്ച പ്രശസ്ത കലാകാരന ശ്രീ. മുഹമ്മദ്‌ പേരാമ്പ്ര നിർവ്വഹിക്കും.... വിശ്വസ്ത നായ ബില്ലു...എം.ടി.മധുസൂദനന്‍, തൃച്ചംബരം - എഴുതുന്നു...കെ.എസ് ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല ഓഫീസ് "അധ്യാപക ഭവൻ" 29.6.2014. ഞായറാഴ്ച 11 മണിക്ക് സ : പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

(ഈ ലേഖനം 'പരീക്ഷണം നല്‍കുമ്പോള്‍' എന്ന വിഭാഗത്തിലെ 'മുങ്ങാതെ ആഴങ്ങളിലെത്താമോ' എന്ന ലേഖനവുമായി ചേര്‍ത്തുവായിക്കാവുന്നതാണ്.)



    ലഘുപരീക്ഷണം ഗുരുപരീക്ഷണമാകുമ്പോള്‍

                                                                                                                             - എം.ടി.മധുസൂദനന്‍, തൃച്ചംബരം



             ഏതൊരു പരീക്ഷണവും നല്ലപോലെ പരിശോധിച്ചുറപ്പിച്ച ശേഷം മാത്രമേ ക്ലാസ്സില്‍ അവതരിപ്പിക്കാവൂ എന്നത് പരിശീലനക്കാലത്തുതന്നെ അദ്ധ്യപകര്‍ക്കു ലഭിക്കുന്ന ഉപദേശമാണ്.  എന്നാല്‍, പരീക്ഷണ സാമഗ്രികളെല്ലാം ലേബിലുണ്ടെന്ന് ഉറപ്പായാല്‍ പരീക്ഷണത്തിന്റെ നിസ്സാരതകൊണ്ടോ മിതവ്യയത്തിന്റെ പേരിലോ  'ആദര്‍ശധീരന്മാരില്‍' ചിലര്‍ ഈ ഗുരൂപദേശം ഗൌനിക്കാതെയാണ് ക്ലാസില്‍ പോകാറുള്ളത്; പ്രത്യേകിച്ച് പ്രൈമറി ക്ലാസ്സില്‍.  ഇങ്ങനെ പോയപ്പോഴുണ്ടായ  'ആനന്ദം' അനുഭവിച്ചവര്‍  അദ്ധ്യപകര്‍ക്കിടയില്‍ ഇല്ലാതിരിക്കില്ല, അല്ലേ?    ജീവിതത്തില്‍ ഒരിക്കലും മായാത്ത അത്തരം ആനന്ദാനുഭവത്തിന്റെ വഴിയിലൂടെ നമുക്കൊന്നു സഞ്ചരിച്ചുനോക്കാം.

             പ്രാണപ്രിയനായ വായുവിന്റെ കാര്യമാണല്ലോ നിദ്രയിലായാല്‍‍പ്പോലും  നമുക്കെല്ലാം പരമപ്രധാനം?  അതിനാല്‍ അദ്ദേഹത്തിന്റെ കാര്യംതന്നെ ആകട്ടെ ഇവിടെയും.  'വായുവിന് സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമാണ് ' എന്ന ആശയം പ്രബലനപ്പെടുത്തുന്നതിനായി ഇടുങ്ങിയ വാവട്ടമുള്ള സ്ഫടികക്കുപ്പി, ഫണല്‍, അല്പം കട്ടിയില്‍ കുഴച്ചെടുത്ത ഗോതമ്പുമാവ്, ജലം, ഈര്‍ക്കില്‍ എന്നിവ ഉപയോഗിച്ച്  പരീക്ഷണം ചെയ്യാറുണ്ടല്ലോ ...?  ഇനി ഈ പരീക്ഷണം ചെയ്യുന്നതെങ്ങനെയെന്നു നോക്കാം.  കുപ്പിയില്‍ വേണ്ടവിധം ഫണല്‍ വച്ചശേഷം കുപ്പിക്കും ഫണലിനുമിടയിലുള്ള ഭാഗം ഗോതമ്പുമാവുകൊണ്ട്  പൂര്‍ണമായും അടയ്കുന്നു. ഫണലില്‍ വെള്ളമൊഴിക്കുന്നു. (ചിത്രം 1) 



 വെള്ളം കുപ്പിയില്‍ വീഴുന്നില്ല.  കാരണം കുട്ടികള്‍തന്നെ പറയുന്നു.  പ്രശ്നപരിഹരണമാര്‍ഗവും അവര്‍തന്നെ കണ്ടെത്തുന്നു.  കുപ്പിക്കകത്തെ വായു പുറത്തുപോകാനായി ഈര്‍ക്കില്‍കൊണ്ട് മാവില്‍ ദ്വാരമിടുന്നു.  അപ്പോള്‍ ഫണലില്‍ തങ്ങിനിന്ന വെള്ളം ധാരയായി കുപ്പിയിലേക്കൊഴുകുന്നു.  പരീക്ഷണം 'ലഘു' ആയതിനാല്‍ കുട്ടികള്‍ക്കായൊരു ചെറുപുഞ്ചിരിയും പാസാക്കി അദ്ധ്യാപകന്‍ പാഠത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നു.

             എന്നാല്‍ ചിലരോട് ഈ സര്‍വ്വവ്യാപിയുടെ പ്രതികരണം ഇങ്ങനെ -- ഫണലും ഗോതമ്പുമാവുമെല്ലാം ഉറപ്പിച്ചശേഷം വെള്ളമൊഴിക്കമ്പോഴായിരിക്കും ആരോടും യാതൊരു വിരോധവും കൂടാതെ വെള്ളം അനുസരണയോടെ നേരെ കുപ്പിയിലേക്ക് വീഴുന്നത്.    'വളഞ്ഞവഴിയിലൂടെ' മാത്രം വെള്ളത്തെ കുപ്പിയിലാക്കാന്‍ ശ്രമിച്ച അദ്ധ്യാപകന്‍,  കുപ്പിയില്‍ വെള്ളം വേഗമെത്തിയതിനാല്‍ അല്പമൊന്നു വിയര്‍ക്കുകയും പലതിനെയും കുറ്റംപറയാന്‍ തുടങ്ങുകയും ചെയ്യും.  
            
            എന്തുകൊണ്ടാണ് പരീക്ഷണങ്ങള്‍ ചിലപ്പോഴെല്ലാം പരാജയപ്പെട്ടുപോകുന്നത് ... ? പല പരീക്ഷണങ്ങളിലും ഫലം ലഭിക്കുന്നത് (അഥവാ ലഭിക്കാത്തത്) നമ്മള്‍ കരുതുന്ന ഒരേയൊരു കാരണത്താലായിരിക്കണമെന്നില്ല.  ഇതിന്റെ കാര്യംതന്നെയെടുക്കാം.  ഒരു ലേബില്‍ പല ആകൃതിയിലും വലിപ്പത്തിലുമുള്ള ഫണലുകളുണ്ടാകും.  ഒരു വര്‍ഷം ഈ പരീക്ഷണം വിജയിച്ചുവെന്നു കരുതി അടുത്ത വര്‍ഷം എടുക്കുന്ന ഫണല്‍ മാറിപ്പോയാല്‍ പരീക്ഷണം വിജയിക്കണമെന്നില്ല.  മാവുപയോഗിച്ചപ്പോള്‍ വിടവ് പൂര്‍ണമായും അടയാതിരിക്കുക, മാവിന്റെ കട്ടി, ഫണലിന്റെ ആകൃതി, വലിപ്പം, വെള്ളമൊഴിച്ച രീതി, അളവ് ഇവയെല്ലാം പരീക്ഷണത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.  സ്ഫടികക്കുപ്പിക്കു പകരം കട്ടികുറഞ്ഞ പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിക്കുമ്പോള്‍ അത് കൈകൊണ്ട് അമര്‍ത്തിപ്പോയാലും ഈ പരീക്ഷണം വിജയിക്കില്ല.  ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കാതെ ഒരു ശേഷിയില്‍ / കാരണത്തില്‍ മാത്രം ഒതുങ്ങിപ്പോകുന്നതാണ് ചിലപ്പോഴെല്ലാം ക്ലാസ്റൂംപരീക്ഷണങ്ങളുടെ പരാജയകാരണം.  

             അദ്ധ്യാപകന്റെ ഈ പരീക്ഷണം വിജയിച്ചുകിട്ടിപ്പോയെങ്കില്‍ കുട്ടികളില്‍ ചിലര്‍ കൌതുകം കൊണ്ടോ 'ബഹുമാന്യരായ' മറ്റു ചിലര്‍ പണിയൊന്നുമില്ലാതെ അല്പനേരംകൂടി വെറുതെ ഇരിക്കാന്‍ വേണ്ടിയോ  പരീക്ഷണം ഒന്നുകൂടി ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടാതിരിക്കില്ല.  വെറും രണ്ടു മിനിറ്റിന്റെ പ്രശ്നമല്ലെയുള്ളുവെന്നു കരുതി അദ്ധ്യാപകന്‍ ഇതൊന്ന് ആവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോഴായിരിക്കും ശിഷ്യഗണങ്ങളില്‍ നിന്ന് പുതിയ നിര്‍ദ്ദേശം പൊന്തിവരുന്നത്  -- “മാഷേ, മാവില്‍ ദ്വാരമിടുന്നതിനു പകരം, അകത്തെത്തുംവിധം ഒരു കുഴല്‍ ഫണലിലൂടെ ഇറക്കിയാലും വെള്ളം കുപ്പിയിലെത്തില്ലേ ... ?” എത്തേണ്ട ശേഷി കുട്ടിയുടെ മനസ്സിന്റെ ഉയര്‍ന്ന തലങ്ങളിലെത്തി എന്നതിന്റെ തെളിവ് കിട്ടിക്കഴിഞ്ഞു.  മാവുതൊട്ട് കൈ വൃത്തികേടാക്കാതെ കാര്യം സാധിക്കാമല്ലോ എന്ന ആശ്വാസത്തോടെ  ...  “ശരിയാണല്ലോ!  ഒരു ചെറിയ കുഴലുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ത്തന്നെ ചെയ്തുനോക്കാവുന്നതല്ലേയുള്ളൂ!”-- ഇത്രയും പറ‍ഞ്ഞ് ഒരു മാന്ത്രികന്റെ ഭാവത്തോടെ അദ്ധ്യാപകന്‍ ചെറിയ കുഴലിനായി തെരയുന്നു.  ഇന്ന് പണ്ടത്തേക്കാള്‍ കൂടുതല്‍ പരിസ്ഥിതിദിനമെല്ലാം കുട്ടികളെക്കൊണ്ട്  'കൃത്യമായി ആചരിപ്പിക്കുന്നുണ്ടെങ്കിലും' അവരുടെ സന്തത സഹചാരിയായി ബോള്‍പേനയെ കാണാതിരിക്കില്ല, അല്ലേ?   അത്തരമൊന്നിന്റെ  ഒഴിഞ്ഞ റീഫില്‍  ആരെങ്കിലും  തീര്‍ച്ചയായും പരീക്ഷണത്തിനായി സംഭാവന ചെയ്യും.  അദ്ധ്യാപകന്‍ അതിന്റെ നിബ്ബ് നീക്കംചെയ്ത് അകത്ത് വല്ല തടസ്സവുമുണ്ടോ എന്ന് പരിശോധിച്ചുറപ്പുവരുത്തി  ശ്രദ്ധയോടെ റീഫില്‍ ഫണലിലെ ജലത്തിലൂടെ കുപ്പിക്കകത്തേക്ക് താഴ്ത്തുന്നു.  എന്നാല്‍ ഒരു ജലധാര പ്രതീക്ഷിച്ചുകൊണ്ട് കുപ്പിക്കകത്ത് കണ്ണുംനട്ടിരിക്കുന്ന കുട്ടികളെ നിരാശരാക്കിക്കൊണ്ട് അകത്തു കടത്തിയ റീഫില്‍  അതേപടി പുറത്തെടുക്കാനേ അദ്ധ്യാപകന് കഴിയൂ.  എത്രതന്നെ ശ്രമിച്ചാലും ജലത്തിന്റെ ഈ അനുസരണക്കേടിന് യാതൊരു കുറവുമുണ്ടാവില്ല.    പ്രശ്നത്തിന്റെ കാരണം കണ്ടെത്തുന്നതിനോ പരിഹരിക്കുന്നതിനോ ആവാതെ ചിന്താമഗ്നനായ അദ്ധ്യാപകനില്‍, യാതൊരു മുന്നറിയിപ്പുമില്ലാതെ ശിഷ്യനില്‍നിന്നെത്തിയ തീര്‍ത്തും നിസ്സാരമെന്നു തോന്നിയ ആ ചോദ്യം ഗുരുസ്മരണ ഉണര്‍ത്താതിരിക്കില്ല.  ആ വലിയ ഗുരുവിന്റെ ഈ എളിയ ശിഷ്യന് തീര്‍ച്ചയായും ഇതൊരു ഗുരുപരീക്ഷതന്നെ!

            കുട്ടികള്‍ക്ക് ഇതൊന്നും ഒരു പ്രശ്നമായിതോന്നില്ലെങ്കിലും  ആദര്‍ശവാനായ  ഒരു അദ്ധ്യാപകനെ സംബന്ധിച്ച്  ഇതൊരു അഭിമാനപ്രശ്നം തന്നെയാണ്.  അതിനാല്‍ എങ്ങനെയെങ്കിലും ഈ എടാകൂടത്തില്‍നിന്ന് രക്ഷപ്പെട്ടേതീരൂ.  കുട്ടികളുടെ മുമ്പില്‍വച്ചുണ്ടായ ഈ പ്രശ്നത്തിന് അവരുടെ മുമ്പില്‍വച്ചുതന്നെ മാന്യമായ പരിഹാരം കണണം.  വേണ്ട സമയത്ത് പ്രയോജനപ്പെടുന്നില്ലെങ്കില്‍ പിന്നെന്തിന് ശാസ്ത്രം, അല്ലേ...?  ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യം ശ്വാസമൊന്ന് നേരെയാക്കുക.  എന്നിട്ട് റീഫില്‍ ഒന്നുകൂടി ഫണലിലൂടെ താഴ്ത്തിയശേഷം പുറത്തെടുത്ത് വിശദമായൊന്ന് പരിശോധിക്കുക .  വായുവിന് മാര്‍ഗതടസ്സം വരുത്തുന്ന കട്ടിയുള്ള യാതൊന്നും അകത്ത് കാണില്ല.  പക്ഷെ എവിടെയോ ശരിക്കും തടസ്സം അനുഭവപ്പെടുന്നതിനാല്‍  ജലത്തിന് കുപ്പിയില്‍ ഇടംകൊടുക്കാന്‍ ഇഷ്ടമില്ലാത്ത ആരെങ്കിലുമൊരാള്‍ അവിടെ നിലയുറപ്പിച്ചിട്ടുണ്ടാകും, തീര്‍ച്ച.   അതിനാല്‍ റീഫില്‍ ഒന്നുകൂടി  ശ്രദ്ധയോടെ പരിശോധിക്കുകയാണെങ്കില്‍ ദുരൂഹമായ സാഹചര്യത്തില്‍ ഒരാള്‍ അതില്‍ ഒളിച്ചിരിക്കുന്നതായി കാണാം -- മാവേലിക്കഥയിലെ അസുരഗുരു ശുക്രാചാര്യരെ അനുസ്മരിപ്പിക്കും വിധം ഒരു വിദ്വാന്‍ -- ഒരു കുഞ്ഞുജലത്തുള്ളി!   നിസ്സാരനല്ലെ ഇവന്‍ എന്നുകരുതി കുടഞ്ഞുകളഞ്ഞാലോ?  എന്നാലും രക്ഷയുണ്ടാവില്ല.   റീഫില്‍ വീണ്ടും ഫണലിലെ ജലത്തില്‍ സ്പര്‍ശിക്കുന്ന മാത്രയില്‍ മറ്റൊരു വിദ്വാന്‍ ഈ സ്ഥാനം ഏറ്റെടുക്കുന്നതു കാണാം.  എന്തോ ഒരു കൃത്യനിര്‍വ്വഹണത്തിനായി ഇവന്മാരെയെല്ലാം അവിടെ എത്തിക്കുന്ന കേശികത്വത്തെ (Capillarity)  പ്രതിയാക്കാനേ 'പ്രഥമദൃഷ്ടികൊണ്ട് ' നോക്കുന്ന ഏതൊരാള്‍ക്കും ഈ അവസരത്തില്‍ തോന്നൂ.   (ചിത്രം 2)  
 

അങ്ങനെയെങ്കില്‍ കേശികത്വത്തെ ഒഴിവാക്കാനായി വണ്ണം കൂടിയ കുഴല്‍ വേണ്ടിവരും.  വീണ്ടും പ്രശ്നമായി, അല്ലേ ... ?     വിഷമിക്കേണ്ട.   ഇവിടെ കേശികത്വം തന്നെയാണോ യഥാര്‍ത്ഥപ്രതി എന്ന് ഉറപ്പുവരുത്തിയിട്ടുമതി പുതിയ 'ആയുധങ്ങള്‍ക്കായുള്ള' തെരച്ചില്‍.    അതിനായി തിരിച്ചും മറിച്ചുമുള്ള ഒരു ചോദ്യംചെയ്യല്‍ വേണ്ടി വരും ; തികഞ്ഞ ശ്രദ്ധയോടെ .  അതുകൊണ്ട് തല്‍ക്കാലം കുഴലും തേടി പുറത്തെങ്ങും പോകേണ്ടതില്ല;  മനസ്സില്‍ ഇറക്കിവച്ച ഇടുങ്ങിയ കുഴലിന്റെ വണ്ണമൊന്ന് കൂട്ടിനോക്കിയാല്‍ മതി  ... അപ്പോള്‍ കേശിക ഉയര്‍ച്ച  (Capillary rise) കൂടുമോ അതോ കുറയുമോ ... ?  കുറയുമെങ്കില്‍ എത്രത്തോളം?  കുപ്പിക്കകത്തുള്ളതിനെ പുറത്തുകളയാന്‍ ഇത് പര്യാപ്തമാണോ  ... ?  ചോദ്യങ്ങള്‍ സ്വയം ചോദിച്ചുനോക്കുക.  ശരിയുത്തരം കിട്ടാതിരിക്കില്ല.  ജലത്തിന്റെയും കുഴലിന്റെയും സ്വഭാവം അറിയുന്നവര്‍ക്ക് ഇതിന്റെ ആവശ്യംകൂടി ഉണ്ടാവില്ല.  ജലത്തെ തുളച്ചുകൊണ്ടുള്ള കുഴലിന്റെ നീക്കമോ  കുഴല്‍ ഇറക്കുന്നതിനു മുമ്പുള്ള അവസ്ഥയോ  'ശ്രദ്ധിച്ചാല്‍' മതി.    ഇവിടെ മനസ്സിലെ ഇടുങ്ങിയ കുഴല്‍ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ത്തന്നെ മനസ്സിലുണ്ടായിരുന്ന കേശികത്വം എന്ന മുഖ്യപ്രതിയും പോയ്ക്കഴിഞ്ഞു, അല്ലേ ... ?  ചില പരീക്ഷണങ്ങള്‍ ഇങ്ങനെയുമുണ്ട്.  ലഘുവെന്ന് തോന്നുമെങ്കിലും അവയ്ക്ക് പ്രഥമദൃഷ്ടി മതിയാവില്ല; ദ്വിതീയദൃഷ്ടിയോ ചിലപ്പോള്‍ ഇവയെയെല്ലാം ഉല്ലംഘിക്കുന്ന ദൃഷ്ടിയോ വേണ്ടിവരും യാഥാര്‍ത്ഥ്യത്തോടടുക്കാന്‍.  
            
             മറ്റൊരു പ്രതിയുടെ സൂചന കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് അയാളെ എങ്ങനെ 'ഭംഗിയായി'  കൈകാര്യം ചെയ്യാമെന്നു നോക്കാം.     വസ്തുവിന് /വായുവിന് സ്ഥിതിചെയ്യാന്‍ സ്ഥലം വേണം എന്ന ആശയത്തെ സ്ഥൂലത്തില്‍ എന്നപോലെ  സൂക്ഷ്മത്തിലും കാണാന്‍ കഴിഞ്ഞുവെങ്കില്‍,  ( ആശയങ്ങളെ സൂക്ഷ്മത്തില്‍ കണ്ടാല്‍ മതിയോ അതോ അതിസൂക്ഷ്മത്തിലും വേണോ  -- ഈ ചിന്ത വായനക്കാര്‍ക്ക് വിടുന്നു.)  റീഫില്ലിന്റെ ഒരറ്റം വിരലുകൊണ്ടടച്ച് മറ്റേ അറ്റം ഫണലിലെ ജലത്തിലൂടെ കുപ്പിയിലേക്ക് താഴ്ത്തുക.  അറ്റം കുപ്പിക്കകത്തെ വായുവുമായി സമ്പര്‍ക്കത്തിലായി എന്നുറപ്പുവന്നാല്‍ അദ്ധ്യാപകന്റെ നോട്ടം കുപ്പിയില്‍നിന്നെല്ലാംവിട്ട് നേരെ കുട്ടികളിലേക്ക് മാറ്റുക.   'റെഡീ ... വണ്‍ ... റ്റൂ ... ത്രീ' ... റീഫില്ലിന്റെ അറ്റത്തുനിന്ന് വിരല്‍ മാറ്റുമ്പോഴുള്ള ജലധാര ഇമവെട്ടാതെ നോക്കുന്ന കുട്ടികളിലെ ആനന്ദം അദ്ധ്യാപകനിലും പ്രതിഫലിക്കുന്നതു കാണാം; ഒരു കൈയടിയും പ്രതീക്ഷിക്കാം.  അതോടെ വെള്ളത്തില്‍ തുളയുണ്ടാക്കാന്‍ തുനിഞ്ഞ ശാസ്ത്രാദ്ധ്യാപകന്റെ 'നാണപ്രശ്നത്തിന്' ശുഭ പര്യവസാനമാകും, അല്ലേ?

            ഇവിടെ, അവസാനശ്രമം വിജയിച്ചത് ശാസ്ത്രബോധത്തോടോപ്പം  ശ്രദ്ധയും ക്ഷമയും ഭാവനയും ചേര്‍ന്നപ്പോഴാണെന്നു കാണാം.  മറ്റൊരു തരത്തില്‍ പറഞ്ഞാല്‍  വ്യവഹാരത്തില്‍ എപ്പോഴും അകം  'മലിനപ്പെടുത്താതിരിക്കാന്‍' ശ്രമിച്ചു.  അകത്തുള്ളവന് പുറത്തുള്ളവനുമായി ഏകീഭാവം സാധ്യമായപ്പോള്‍ ധാരയായി; അത് ആനന്ദധാരയുമായി, അല്ലേ?   വാസ്തവത്തില്‍ ഒരു പരീക്ഷ​ണം, അത് എത്ര നിസ്സാരമാണെങ്കിലും കൂടുതല്‍ സൂക്ഷ്മമായി അന്വേഷിക്കുമ്പോള്‍ ഇതുപോലുള്ള  'ശാസ്ത്രമധു' ഒളിഞ്ഞിരിക്കുന്നതായി കാണും.  എന്നാല്‍, ലോകനന്മയ്ക്കുതകേണ്ട ശാസ്ത്രവിചാരത്തെ സാങ്കേതികവിദ്യയിലൂടെ വികാരമാക്കി -- അകവും പുറവും മലിനമാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നടത്തപ്പെടുന്ന പരീക്ഷണങ്ങള്‍ തേടുന്നതെന്താണ് ... ?  മറിച്ച്, കമ്പ്യൂട്ടറുകളോ ഭീമന്‍ ഉപകരണങ്ങളോ ശീതീകരിച്ച മുറികളോ ഇല്ലാത്ത നാടന്‍ ക്ലാസ്റൂമില്‍ പോലും നടത്താന്‍ കഴിയുന്ന ഇപ്പോള്‍ കണ്ട വിധത്തിലുള്ള  'ഗുരുപരീക്ഷണങ്ങള്‍', കുട്ടിക്കാലം മതല്‍ക്കുതന്നെ പ്രശ്നങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്ത് പ്രതിബന്ധങ്ങള്‍ തരണംചെയ്യാനും ശാസ്ത്രാഭിരുചിയുള്ളവരുടെ ചിന്തയെ പ്രോജ്ജ്വലിപ്പിക്കാനും അതുവഴി പരിസ്ഥിതിയെ മലിനപ്പെടുത്താത്ത ശാസ്ത്രബോധവും സംസ്കാരവും വളര്‍ത്തിയെടുക്കാനും സാദ്ധ്യമാക്കുന്നതാണോ ? 

                                                 (അവസാനിച്ചു)

സ്കൂളുകളില്‍ അനുവര്‍ത്തിച്ചുവരുന്ന രീതിയില്‍ അല്പം മാറ്റംവരുത്തി പരീക്ഷണം അവതരിപ്പിച്ചപ്പോഴുണ്ടായ സുഖകരമായ അനുഭവത്തോടൊപ്പം ഭാവന ചേര്‍ന്നപ്പോള്‍ ലേഖനമായി.  വിമര്‍ശനബുദ്ധ്യാ സമീപിച്ച് ശരിയെന്നു തോന്നുന്നവ മാത്രം സ്വീകരിക്കുക.  അദ്ധ്യാപകര്‍ക്ക് അല്പമെങ്കിലും പ്രയോജനപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.  പ്രശ്നപരിഹരണത്തിന്റെ എളുപ്പമായ രീതി മാത്രമേ ഇതില്‍ അവസാനം സൂചിപ്പിച്ചിട്ടുള്ളൂ.  മറ്റു പുതിയ വസ്തുക്കളൊന്നും ഉപയോഗിക്കാതെ  പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കുട്ടികള്‍തന്നെ കണ്ടെത്തിക്കൊള്ളും.  ചിന്തോദ്ദീപകങ്ങളായ ചോദ്യങ്ങള്‍ ഇതിന്റെ മര്‍മ്മമാണ്.  അവ വിട്ടുകളയരുത്.  അര്‍പ്പണബോധമുള്ള അദ്ധ്യാപകര്‍ക്ക് ഇത് മെച്ചപ്പെടുത്തി ഉപയോഗിക്കാന്‍ സാധിക്കുമെന്ന ഉത്തമവിശ്വാസമുണ്ട്.

                                                                               ആദരങ്ങളോടെ,
                                                                            എം.ടി.മധുസൂദനന്‍ 

                                                                

No comments:

Post a Comment

Note: only a member of this blog may post a comment.